
ജീവചരിത്രം
ജനനം
1791-ൽ ഇംഗ്ലണ്ടിലെ യോർക്ക്ഷയറിൽ ഡ്യൂസ്ബെറി എന്ന സ്ഥലത്ത് ജോസഫ് ബെയ്‌ലിയുടേയും മാർത്തയുടേയും പ്രഥമ സന്താനമായി ബെഞ്ചമിൻ ബെയ്‌ലി ജനിച്ചു. ബ്രൂക്, വില്യം, ജൊനാഥൻ, ജോസഫ് എന്നീ നാലു സഹോദരന്മാരും സാറാ അർചർ എന്ന സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബ്രൂക് സിലോണിലേക്കും പിന്നീട് അവിടെ നിന്ന് ടാസ്മാനിയയിലേക്കും മിഷണറിയായി പോയി. വില്യമാകട്ടെ ഗ്ലാന്യോക്കിലെ പ്രഭുവായിത്തീർന്നു. ജോസഫും മിഷണറി പ്രവർത്തനമാണ് തിരഞ്ഞെടുത്തത്. മക്കൾ മിഷണറി പ്രവർത്തനത്തിൽ ചേരാൻ മാതാപിതാക്കൾ നല്ല പിന്തുണ നൽകിയിരുന്നു.
മിഷണറി പ്രവർത്തനം
തുടക്കത്തിൽ ബെഞ്ചമിന് മിഷണറി പ്രവർത്തനത്തിൽ താല്പര്യമുണ്ടായിരുന്നില്ല. സഹോദരിയായ സാറയാണ് അദ്ദേഹത്തെ അതിലേക്ക് നയിച്ചത്. സാറക്ക് 15 വയസ്സുള്ളപ്പോൾ ക്രിസ്തുവിന്റെ വചനങ്ങളിൽ ആകൃഷ്ടയായി, മിഷനറിവൃത്തിക്കുവേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മാരകമായ രോഗത്തിനടിമപ്പെട്ടു. എന്നാൽ രോഗക്കിടക്കയിലായ സാറക്ക് ബഞ്ചമിന്റെ മനസ്സ് മാറ്റിയെടുക്കാനായി.
1812-ൽ ബെഞ്ചമിൻ സി.എം.എസ്സ് എന്ന മിഷനറി സമൂഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി എന്ന നിലയിൽ വൈദിക കോളേജിൽ ചേർന്നു. സാറയുടെ ഭർത്താവായിർത്തീർന്ന ജോസഫ് ഡോവ്സൺ, ജോൺ കോളിയർ എന്നിവർ സതീർത്ഥ്യരായിരുന്നു. 1815-ൽ അദ്ദേഹം ഡീക്കൻ പട്ടം സ്വീകരിച്ചു. 8 മാസത്തിനു ശേഷം പൂർണ്ണ വൈദികപ്പട്ടവും ഏറ്റു. ഇതിനിടക്ക് അദ്ദേഹം എലിസബത്ത് എല്ല എന്ന യുവതിയെ വിവാഹം കഴിച്ചു.
1816-ൽ ബെയ്‌ലിയും ഭാര്യ എലിസബത്ത് എല്ലയും ഡാവ്സൺ, ഭാര്യ സാറ (ബെഞ്ചമിന്റെ സഹോദരി)എന്നിവരും അടങ്ങിയ ഒരു ചെറുസംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കാൻ സി.എം.എസ്സ് സമൂഹം തീരുമാനിച്ചു. തുടർന്ന് മേയ് 4 തീയതി ഹീറോ എന്ന കപ്പലിൽ അവർ ഇന്ത്യയിലേക്ക് തിരിച്ചു. ക്ലേശകരമായ യാത്രക്കൊടുവിൽ സെപ്റ്റംബർ 8 ന് മദ്രാസ് തുറമുഖത്തിലെത്തി. ഒരു മാസം മദ്രാസിൽ ചെലവഴിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷം അവർ കേരളത്തിലേക്ക് യാത്ര തിരിച്ചു.
കേരളത്തിൽ
കുതിരവണ്ടിയിലും കാളവണ്ടയിലുമായി അവർ നവംബർ 16 ന് കൊച്ചിയിലെത്തിച്ചേർന്നു. ഇതിനിടക്ക് എലിസബത്ത് ഗർഭിണിയായി. നവംബർ 19 ന് ആലപ്പുഴയിലെത്തി. അന്നത്തെ റസിഡന്റ് കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ താമസിച്ച് അവർ മലയാളം പഠിച്ചു. ഇവിടെ വച്ച് ബെയ്‌ലി ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 1817 മാർച്ച് മാസത്തിൽ ബെയ്‌ലിയും കുടുംബവും കോട്ടയത്ത് എത്തിച്ചേർന്നു. അവിടെയുള്ള പഴയ സെമിനാരിയിൽ താമസമാക്കി
കോട്ടയത്ത്
ഇന്നു കാണുന്ന തരത്തിലുള്ള ഒരു പട്ടണമായിരുന്നില്ല അന്ന് കോട്ടയം. തിരുനക്കര അന്ന് ജനവാസമില്ലാത്ത് വനഭൂമിയായിരുന്നു. മീനച്ചിലാറ് ചുറ്റിപ്പറ്റിയായിരുന്നു പ്രധാന പട്ടണം. മീനച്ചിലാറിന് സമീപത്തുള്ള താഴത്തങ്ങാടി എന്ന് പറയുന്ന ചന്തയായിരുന്നു പ്രധാന വ്യാപാരകേന്ദ്രം. കോട്ടയത്ത് വ്യാപാരകേന്ദ്രത്തിനടുത്തു തന്നെ താമസമാക്കിയ അദ്ദേഹം അക്കാലത്ത് പഠിത്ത വീട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോട്ടയം പഴയ സെമിനാരിയിൽ പ്രധാനാദ്ധ്യാപകനായി ആദ്യം ജോലി നോക്കി. കേണൽ മൺറോ വിഭാവനം ചെയ്ത പോലെയുള്ള മികച്ച് കലാലയമാക്കി പഠിത്തവീടിനെ മാറ്റാൻ അദ്ദേഹത്തിനായി. കോളേജിൽ പുതിയരീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായമദ്ദേഹം നടപ്പിലാക്കി. മിഷനറി പ്രവർത്തനം നടത്തുന്നതിനുവേണ്ടി ചില മുൻഷി മാരുടെ സഹായത്തോടെ മലയാളഭാഷ കൂടുതൽ വശമാക്കി. സംസ്കൃതം, സുറിയാനി ഭാഷകളും പഠിച്ചു. ആദ്യം ഏതാനും പുസ്തകങ്ങൾ ബെയ്‌ലി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. കലാലയത്തിൽ അദ്ദേഹം ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനാരംഭിച്ചു. കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് ഇവിടെയാണ്. മതപഠന വിദ്യാർത്ഥികൾക്കു പുറമേ സാധാരണക്കാർക്കും അദ്ദേഹം കലാലയം തുറന്നു കൊടുത്തു. ഇംഗ്ലീഷിനു പുറമേ ഹീബ്രു, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, മലയാളം, ഭൂമിശാസ്ത്രം, ചരിത്രം, ഗണിതം എന്നിവയും പഠിപ്പിക്കാൻ ഏർപ്പാട് ചെയ്തു. ഏതാണ്ട് ഒന്നരവർഷക്കാലം കൊണ്ട് കലാലയത്തെ ഉന്നത നിലയിലെത്തിക്കാൻ അദ്ദേഹം ശ്രമിച്ചു. പിന്നീട് ജോസഫ് ഫെൻ എന്ന് പാതിരിയെ പ്രധാനാദ്ധ്യാപനായി മൺറോ നിയമിച്ചപ്പോൾ ബെയ് ലി ബൈബിൾ വിവർത്തനത്തിലേക്ക് ശ്രദ്ധ തിരിച്ചു. സുറിയാനി സഭയുമായി വളരെയധികം ചേർച്ചയോടെ പ്രവർത്തിക്കാൻ ബെയ്‌ലിക്കായി.
അടിമകളുടെ മോചനം
ബെയ്‌ലിയുടെ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന വശങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ആർദ്രതയും മനുഷ്യസ്നേഹവുമായിരുന്നു. പണം കൊടുത്തും വസ്തു വാങ്ങിക്കൊടുത്തും സ്ത്രീധനം നൽകിയും അനേകം പാവങ്ങളെ അദ്ദേഹം സഹായിച്ചു. ഇന്ത്യയിൽ ആദ്യമായി അടിമകളെ വിമോചിപ്പിക്കാൻ മുൻകൈ എടുത്തത് അദ്ദേഹമാണെന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. 1835-ൽ മൺറോ തുരുത്തിലെ നൂറോളം അടിമകളെ ബെയ്‌ലിയും സഹപ്രവർത്തകനായിരുന്ന പീറ്റും ചേർന്ന് മോചിപ്പിച്ചു. ഇതിനും ഇരുപതു വർഷം ശേഷമാണ് മദിരാശി ഗവർണ്മെന്റ് അടിമവിമോചന വിളംബരം പുറപ്പെടുവിച്ചത്. ഇക്കാരണത്താൽ തന്നെ ബെയ്‌ലിയെ കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണത്തിന്റെ മാർഗ്ഗദർശി എന്ന് വിളിക്കാവുന്നതാണെന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുണ്ട്.
മുദ്രണാലയം
മലയാളം പഠിച്ച ആദ്യാനാളുകളിൽ തന്നെ ബൈബിളിന്റെ വിവർത്തനം അദ്ദേഹം ആരംഭിച്ചിരുന്നു. ഇതിനിടക്ക് സുറിയാനി മെത്രോപ്പോലിത്ത, വൈദികന്മാർ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ വഴി, ആ സഭയുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം സുറിയാനിപ്പള്ളികളിൽ മലയാളത്തിൽ പ്രസംഗിക്കുമായിരുന്നു. അതുവരെ സുറിയാനി പള്ളികളിൽ മലയാളത്തിൽ വൈദികർ പ്രസംഗിച്ചിരുന്നില്ല. ജനങ്ങൾക്ക് മനസ്സിലാവാത്ത സുറിയാനി ഭാഷയിൽ ആരാധനകൾ ചെയ്യുക മാത്രമായിരുന്നു വൈദികരുടെ ജോലി. ബെയ്‌ലിയുടെ സൗമ്യ സ്വഭാവവും മലയാള ഭാഷയിലുള്ള പരിജ്ഞാനവും മൂലം ജനങ്ങൾക്ക് അദ്ദേഹം ആരാധ്യനായിത്തീർന്നു. അവർ അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എന്ന് വിളിച്ചിരുന്നു.
കോളേജിന്റെ പ്രധാനാദ്ധ്യാപക സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം ബൈബിളിന്റെ വിവർത്തനത്തിൽ മുഴുകി. അത് ആരംഭിക്കുന്നതിനു മുന്ന് സുറിയാനി സഭയുടെ ആരാധനാക്രമവും പ്രാർത്ഥനയുമാണ് ബെഞ്ചമിൻ പാതിരി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ഇവ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അച്ചടിയുടെ പ്രശ്നം ഉദിച്ചത്. മലയാളം വശത്താക്കിയ കാലത്ത് തന്നെ ബൈബിളിന് ഒരു നല്ല പരിഭാഷ ഉണ്ടാക്കാൻ ബെയ്‌ലി ശ്രമം ആരംഭിച്ചിരുന്നു. ആദ്യമെല്ലാം ഇവ താളിയോലയിലും പിന്നീട് കടലാസിലും അവ പകർത്തി. ബൈബിൾ തർജ്ജമ പൂർത്തിയായപ്പോൾ അത് അച്ചടിക്കുന്നത് പ്രശ്നമായി. അന്നു മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. അതിനാൽ ഇംഗ്ലണ്ടിൽ നിന്നും പ്രസ്സും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി. ഇതിന് കേണൽ മൺറോ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. എന്നാൽ മർഡ്യൂക് തോസൺ ആവശ്യപ്പെട്ട പ്രകാരം പ്രസ്സ് ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് എത്താൻ താമസിച്ചു. അതിനാൽ ബെയ്‌ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒരു കൊല്ലന്റെ സഹായത്തോടെ ആവശ്യമായ ലോഹ സാമഗ്രികൾ നിർമ്മിച്ചു. ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു. പ്രസ്സ് സൂക്ഷിക്കുന്നതിനും അച്ചടിജോലികൾക്കും ഒരു ചെറിയ ശാല പണികഴിപ്പിച്ചു. ഇതിന് അച്ചടിപ്പുര എന്നാണ് വിളിച്ചിരുന്നത്. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ മലയാള അച്ചുകൂടം അഥവാ അത്തരത്തിലുള്ള അച്ചുകൂടങ്ങളുടെ ഈറ്റില്ലം. സ്വന്തമായി അച്ചുകൂടം ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും നേരത്തേ ഇംഗ്ലണ്ടിൽ നിന്ന് അയക്കാമെന്നേറ്റിരുന്ന അച്ചടി യന്ത്രം ബോംബെ വഴി കോട്ടയത്ത് വന്നു ചേർന്നു. അതിന്റെ കൂടെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു.
1821ൽ തന്നെ അച്ചടി ആരംഭിച്ചു. ആദ്യം അച്ചടിച്ചത് ചില ലഘുലേഖകൾ ആണ്. കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴയത് 1822-ൽ അച്ചടിച്ച "മദ്യനിരോധിനി' എന്ന ലഘുലേഖയാണ്. പിന്നീട് ബൈബിളിലെ മത്തായിയുടെ സുവിശേഷം അച്ചടിച്ചു. 1824'ൽ ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകളും രാജാരാം മോഹൻ റോയിയുടെ ഉപനിഷത്ത് വ്യാഖ്യാനവും അച്ചടിച്ചു. ഇത് മലയാള ഭാഷയുടെ അന്തസ്സുയർത്തി. മലയാളം തമിഴിനേക്കാൽ താണ ഭാഷയാണ് എന്ന ചിന്താഗതി മാറ്റുന്നതിന് അത് സാധിച്ചു
ബൈബിളിലെ പുതിയ നിയമഭാഗങ്ങൾ തർജ്ജമ ചെയ്ത് ബെയ്‌ലി 1829-ൽ ഇവിടെ 5000 പ്രതി അച്ചടിച്ചു. തുടർന്ന് സമ്പൂർണ്ണ ബൈബിളിന്റെ തർജ്ജമ അച്ചടിച്ച് പ്രസിദ്ധം ചെയ്തു.
മലയാളം അച്ചുകളുടെ നിർമ്മാണം
പ്രസ്സുണ്ടായിക്കഴിഞ്ഞെങ്കിലും മലയാളം അച്ചുകൾ ലഭ്യമല്ലായിരുന്നു. ബെയ്‌ലി കൽക്കത്തയിലെ ഫൗണ്ടറിയിൽ നിന്ന് മലയാളം അച്ചുകൾക്കായി അപേക്ഷിച്ചു. ഒരു വർഷത്തിനുശേഷം ഇവ എത്തിച്ചേർന്നെങ്കിലും ചതുരവടിവിലുള്ള അവ ബെയ്‌ലിക്ക് ഇഷ്ടമായില്ല. അസാധാരണ വലിപ്പവും ചതുരാകൃതിയും ചേർന്ന് വികൃതമായിരുന്നു അവ. ബെയ്‌ലി ഹതാശനാകാതെ സ്വന്തമായി അച്ചുകൾ വാർത്ത് ഉണ്ടാക്കാൻ ആരംഭിച്ചു. അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കുകയായിരുന്നു. അദ്ദേഹം ഒരു കന്നാന്റെയും തട്ടാന്റെയും സഹായത്തോടെ 500 അച്ചുകൾ വാർത്തെടുത്തു. സൗന്ദര്യം കലർന്ന മലയാള അച്ചുകൾ അങ്ങനെ രൂപപ്പെട്ടു. താമസിയാതെ അച്ചടി ആരംഭിച്ചു. അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് ന്യൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു. പുതിയ ഉരുണ്ട അച്ചടിരൂപ മാതൃക സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നൽകിയത് ബെയ്‌ലിയാണ്. ഇങ്ങനെ മലയാളഭാഷയെ സിംഹളീസ് ഭാഷയുടെ വടിവ് കലർത്തി മനോഹാരിതമാക്കി അവതരിപ്പിച്ചതിന്റെ പൂർണ്ണ ബഹുമതിയും ബെയ്‌ലിക്ക് അവകാശപ്പെട്ടതാണ്.
പ്രസ്സിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. 1830 ൽ ബെയ്‌ലി ഉണ്ടാക്കിയ പ്രസ്സുൾപ്പടെ നാലു പ്രസ്സുകൾ പ്രവർത്തന സജ്ജമായി. സ്വാതിതിരുനാളിന്റെ താല്പര്യപ്രകാരം 1836-ൽ സർക്കാർ പ്രസ്സ് തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെടുന്നതുവരെ സർക്കാരിന്റെ അച്ചടി മുഴുവനും സി. എം. എസ്. പ്രസ്സിലാണ് നടന്നിരുന്നത്. 1834 വരെ പതിനഞ്ചു മലയാളം പുസ്തകങ്ങൾ അവിടെ അച്ചടിച്ചു. അവയ്ക്ക് മൊത്തം 40500 പ്രതികൾ ഉണ്ടായിരുന്നു. ബെയ്‍ലി ആ വർഷം ഇംഗ്ലണ്ടിൽ നിന്ന് രണ്ട് കൂട്ടം അച്ചുകൾ കൊണ്ടു വരികയുണ്ടായി. ബെയ്‍ലിയുടെ മകൻ ഇംഗ്ലണ്ടിൽ നിന്ന് അച്ചടി സംബന്ധമായ പരിശീലനം പൂർത്തിയാക്കി കേരളത്തിൽ വന്ന് പ്രസ്സിന്റെ മേൽനോട്ടം വഹിക്കുകയും നിരവധി പേർക്ക് അച്ചടിയിലും ബൈൻഡിങ്ങിലും പരിശീലനം നൽകുകയും ചെയ്തു. ബെയ്‍ലിയുടെ മുദ്രണാലയത്തിന് കേരളത്തിലെങ്ങും പ്രചാരം ലഭിച്ചു.
ബൈബിളിന്റെ വിവർത്തനം
കേരളത്തിൽ ക്രി.വ. ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ക്രിസ്തുമതം പ്രചരിച്ചെങ്കിലും 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിലേ ബൈബിൾ സാധാരണക്കാരന് വായിക്കാനായുള്ളൂ. ഉണ്ടായിരുന്ന ബൈബിളാകട്ടേ സുറിയാനിയിലും ലത്തീനിലുമായിരുന്നു. അത് സാധാരണക്കാരന് മനസ്സിലാക്കാനാവാത്തതും. പോരാത്തതിന് ബൈബിൾ തൊടുകയോ വായിക്കുകയോ ചെയ്യുന്നത് പാപമാണെന്ന വിശ്വാസവും നിലനിന്നിരുന്നു. പുരോഹിതന്മാർ പറഞ്ഞുകൊടുക്കുന്ന കഥകൾ അല്ലാതെ ജനങ്ങൾക്ക് ബൈബിളുമായി പരിചയപ്പെടാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. 1806ൽ കേരളം സന്ദർശിച്ച ക്ലോഡിയസ്സ് ബുക്കാനൻ സുറിയാനി സഭയെ ബൈബിൾ വിവർത്തനം ചെയ്യാനായി നിർദ്ദേശിക്കുകയുണ്ടായി. ബുക്കാനൻ പിന്നീട് രണ്ടാമതും കേരളത്തിലെത്തിയപ്പോൾ അന്നു ലഭ്യമായ വിവർത്തനങ്ങൾ ബോംബെയിൽ വിട്ട് അച്ചടിപ്പിച്ചു. കുറിയർ ബൈബിൾ എന്നറിയപ്പെട്ടിരുന്ന ഇതിന് ഒട്ടേറെ ന്യൂനതകൾ ഉണ്ടായിരുന്നു. സുറിയാനിയും മലയാളവും കലർന്ന് ഗദ്യരൂപത്തിലായിരുന്നു അത്. ലിപികളാകട്ടെ വളരെ വലുതും വികലമായതും. നല്ല മലയാളത്തിലുള്ള ബൈബിളിൻറെ ആവശ്യകത കേണൽ മൺറോ ബെയ്‍ലിയോട് സൂചിപ്പിക്കുകയും ബെയ്‍ലി ആ ജോലി സന്തോഷം ഏറ്റെടുത്തു. 1818ൽ ജോസഫ് ഫെൻ കോളേജിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ബെയ്‍ലി ബൈബിളിന്റെ വിവർത്തനത്തിൽ മുഴുകുകയായിരുന്നു.
മലയാളം നന്നായി അറിയാമായിരുന്നെങ്കിലും അദ്ദേഹം ആ ജോലി ഒറ്റയ്‌ക്ക് ചെയ്യാൻ ധൈര്യപ്പെട്ടില്ല. മദ്രാസിൽ പോയി ഇംഗ്ലീഷ് പഠിച്ച സംസ്കൃത പണ്ഡിതനും കവിയുമായിരുന്ന ചാത്തുമേനോൻ അദ്ദേഹത്തിന് മുഖ്യസഹായിയായി എത്തി. കൂടാതെ വൈദ്യനാഥൻ എന്ന പണ്ഡിതനും സുറിയാനി പണ്ഡിതന്മാരായ കത്തനാർമാരും ഹീബ്രു പണ്ഡിതനായ മേശ ഈശാർഫതും അദ്ദേഹത്തിനെ സഹായിച്ചു. തർജ്ജമ അത്യന്തം വിഷമകരമായിരുന്നു. അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. സംഭാഷണ ഭാഷക്ക് പ്രാദേശികമായ വ്യത്യാസം എന്നപോലെ തന്നെ ജാതീയമായ വ്യത്യാസം പോലും ഉണ്ടായിരുന്നു. ഏത് രീതി സ്വീകരിക്കണമെന്നതിൽ വിഷമത അനുഭവിച്ചു. ഒടുവിൽ എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻ നമ്പ്യാർ എന്നിവരുടെ സാഹിത്യങ്ങളിലെ കാവ്യഭാഷാ ശൈലി സ്വാംശീകരിച്ച് ഒരു തനതായ ഗദ്യശൈലി ഉണ്ടാക്കി വിവർത്തനം ആരംഭിച്ചു.
പത്തുവർഷത്തെ നിരന്തര പരിശ്രമം കൊണ്ട് 1829 -ല് ബൈബിൾ പുതിയ നിയമം പ്രസിദ്ധീകരിച്ചു. അയ്യായിരം പ്രതികൾ ഒന്നാം പതിപ്പിൽ അച്ചടിച്ചു. ഇതിന്റെ വിവർത്തനം 1826-ലേ തീർന്നിരുന്നു. അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു. സങ്കീർത്തനത്തിന്റെ പതിപ്പുകൾ ആദ്യം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. പിന്നീട്, മോശയുടെ പുസ്തകങ്ങൾ എന്നറിയപ്പെടുന്ന ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നീ പുസ്തകങ്ങളും പുറത്തിറക്കി. 1838 ഓടുകൂടി പഴയ നിയമം മുഴുവനായും വിവർത്തനം ചെയ്ത് പുനഃപരിശോധന നടത്തി. 1841-ല് ബൈബിൾ മുഴുവനായും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.
മറ്റു സംഭാവനകൾ
കോട്ടയം കത്തീഡ്രൽ- സുറിയാനി സഭാനേതൃത്വം 1836-ല് മാവേലിക്കര കൂടിയ സുന്നഹദോസിൽ മിഷണറിമാരുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. എങ്കിലും ബെയ്‍ലി സുറിയാനി സഭയുമായി അടുത്ത ബന്ധത്തിൽ തുടർന്നു. മിഷണറിമാരുടെ ഉപദേശങ്ങളിലും വിശ്വാസങ്ങളിലും ആകൃഷ്ടരായ നിരവധി സുറിയൻ ക്രിസ്ത്യാനികൾ മിഷണറിമാരോടൊപ്പം നിലകൊണ്ടു. ക്രമേണ അംഗസംഖ്യ വർദ്ധിച്ച ഇവർക്ക് പ്രാർത്ഥിക്കാനായി ബെയ്‍ലിയുടെ ബംഗ്ലാവിനടുത്തുണ്ടായിരുന്ന കപ്പേളമതിയാവാതെ വന്നു. ഇത് ഒരു പള്ളി നിർമ്മിക്കുന്നതിന് ബെയ്‍ലിയെ പ്രേരിപ്പിച്ചു. അദ്ദേഹത്തിൻറെ മനസ്സിൽ അതിവിശാലവും ബൃഹത്തായതുമായ ഒരു പള്ളിയായിരുന്നു. സഭക്കാർ നിരുത്സാഹപ്പെടുത്തിയെങ്കിലും അദ്ദേഹം തന്റ്റെ രൂപകല്പ്നയിൽ നിന്ന് വ്യതിചലിക്കാൻ കൂട്ടാക്കിയില്ല. 1839 നവംബർ 21 ന് ശിലാസ്ഥാപന കർമ്മം ചെയ്യപ്പെട്ട പള്ളിയുടെ പണി പൂർത്തിയാകാനായി മൂന്നുവർഷം വേണ്ടി വന്നു. ഗംഭീരമായ രീതിയിൽ അന്ന് കത്തീഡ്രൽ നിലകൊണ്ടു. ഗോഥിക് രീതിയിലായിരുന്നു ഉൾഭാഗത്തെ പല ഭാഗങ്ങളും നിർമ്മിക്കപ്പെട്ടിരുന്നത്. വിദേശത്ത് നിന്ന് എത്തിയ കണ്ണാടികളാണ് മദ്‍ഹബയിലും മറ്റും പിടിപ്പിച്ചത്. വിശാലമായ മേൽമാടി ഒരു പ്രത്യേകതയായിരുന്നു. അന്ന് കേരളത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു അത്.
മലയാളം-ഇംഗ്ലിഷ് നിഘണ്ടു -ബൈബിളിനു ശേഷം നിഘണ്ടു നിർമ്മാണത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞു. മലയാളം-ഇംഗ്ലിഷ് നിഘണ്ടു എഴുതി 1846-ൽ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി. ബെയ്‌ലിയുടെ 20 വർഷത്തെ നിരന്തര പരിശ്രമം അതിന്റെ പിന്നിലുണ്ടായിരുന്നു. . ഇവയാണ് കൈരളിക്ക് പുസ്തക രൂപത്തിൽ ലഭിച്ച പ്രഥമ നിഘണ്ടു സംഹിത.
ഇംഗ്ലീഷ്-മലയാളം നിഘണ്ടു - ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഘ്ണ്ടു രചിച്ചതും അദ്ദേഹം തന്നെയാണ്. ചുരുക്കത്തിൽ ഒരേ സമയം രണ്ട് നിഘണ്ടുക്കളുടെ ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. 1848-ൽ എ കൺസൈസ് ഡിക്ഷണറി ഓഫ് ഇംഗ്ലിഷ് ആൻഡ് മലയാളം (A Concise Dictionary of English and Malayalam) സി.എം.എസ്. പ്രസ്സിൽ നിന്നും പുറത്തിറങ്ങി.
ജ്ഞാന നിക്ഷേപം- മലയാളത്തിലെ ആദ്യത്തെ അച്ചടി മാസിക, ആരംഭിച്ചതും ബെയ്‍ലിയാണ്. ഒരു മതസംബന്ധിയായ മാസികയാക്കാതെ മതേതരമായി ജ്ഞാന നിക്ഷേപത്തെ അദ്ദേഹം ഒരുക്കി.
മേൽ പറഞ്ഞവ കൂടാതെ പതിമൂന്ന് കൃതികൾ കൂടെ അദ്ദേഹം രചിച്ചിട്ടുണ്ട്.
ബെയ്‌ലിയുടെ സംഭാവനകളിൽ ഇദം പ്രഥമമായിട്ടുള്ളവ
കേരളത്തിൽ പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു
ആദ്യമായി കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു
കേരളത്തിൽ മലയാള അച്ചടിയന്ത്രം സ്ഥാപിച്ചു
മലയാള പുസ്തകം കേരളത്തിൽ അച്ചടിച്ചു
ക്രിസ്ത്യൻ പള്ളികളിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചു, ആരാധന നടത്തി
ആദ്യത്തെ ബാലസാഹിത്യം, വിവർത്തനം
ആദ്യത്തെ അച്ചടിച്ച മലയാള പത്രം
മലയാളം -ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു
ഇംഗ്ലീഷ്-മലയാളം നിഘണ്ടു
കലണ്ടർ പ്രസിദ്ധീകരിച്ചു
അടിമകളുടെ മോചനം
വിരമിച്ചതിനുശേഷം
1850 മാർച്ച് 13ന് ബെയ്‍ലിയും പത്നിയും മക്കളായ ജോസഫ് ഗ്രഹാം, എലിസബത്ത് സോഫിയ, മന്നാ ജമീമ എന്നിവരോടൊപ്പം കൊച്ചിയിൽ നിന്നും സോഫിയാ മോഫാറ്റ് എന്ന കപ്പലിൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. 35 വർഷം കോട്ടയത്ത് താമസിച്ച ബെയ്‌ലി കുടുംബസമേതം 1851-ല് സ്വദേശത്തേക്ക് മടങ്ങി.ഇംഗ്ലണ്ടിൽ സ്റ്റ്റോഫസ്‍ഷയർ എന്ന സ്ഥലത്ത് അദ്ദേഹം ഇടവകപട്ടക്കാരനായി ജോലി ആരംഭിച്ചു. വിരമിച്ചെങ്കിലും അദ്ദേഹം വെറുതെ ഇരിക്കാനാഗ്രഹിച്ചില്ല. 1856 മുതൽ 71 വരെ ഷീൻറണിൽ റെക്റ്ററായും റൂറൽ ഡീനായും പ്രവർത്തിച്ചു. 1859-ല് എലിസബത്ത് മരണമടഞ്ഞു.
മരണം
1871 ഏപ്രിൽ 3 ന് പറയത്തക്ക അസുഖമൊന്നുമില്ലാതെ തന്നെ ആകസ്മികമായി അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിൻറെ കുതിരക്കാരൻ ദുഃഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു. അത്രയും ആത്മബന്ധം തന്റെ കുതിരക്കാരനുമായി ഉണ്ടായിരുന്നു.
No comments:
Post a Comment